തയ്യേനി: കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ മലയോര മേഖലയിൽ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്ന് തലശേരി അതിരൂപതയുടെ പ്രതിനിധികളായി സ്ഥലം സന്ദർശിച്ച വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഡോ. ഫിലിപ്പ് കവിയിൽ, രൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് എന്നിവർ ആവശ്യപ്പെട്ടു.
ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നവർക്ക് എത്രയും പെട്ടെന്ന് വീടുകളിലേക്ക് തിരിച്ചുപോകുന്നതിനാവശ്യമായ സഹായങ്ങൾ നൽകണം. വളരെ ഗൗരവതരമായ സ്ഥിതിവിശേഷമാണ് എല്ലായിടങ്ങളിലും കാണാൻ കഴിഞ്ഞത്. ഉരുൾപൊട്ടലുണ്ടായത് പകൽസമയത്തായതുകൊണ്ടു മാത്രമാണ് ജീവനുകൾ നഷ്ടമാകാതിരുന്നത്. പലയിടങ്ങളിലും ഇനിയും മഴ ശക്തിപ്പെട്ടാൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ട്. വീണ്ടും അപകടങ്ങളുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
വിഷയത്തിൽ അടിയന്തിര ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ട് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും മെയിലുകൾ അയച്ചിട്ടുണ്ട്. അഭിവന്ദ്യ പിതാവിന്റെ നിർദ്ദേശപ്രകാരം വികാരി ജനറാളും ഫാ.ഡോ. ഫിലിപ്പ് കവിയിലും മന്ത്രിമാരായ സണ്ണി ജോസഫും റോജി എം. ജോണുമായി ഫോണിൽ സംസാരിക്കുകയും ഇവിടുത്തെ സ്ഥിതിഗതികൾ അറിയിക്കുകയും ചെയ്തു. തയ്യേനി വികാരി ഫാ. തോമസ് മേനേപാട്ട്പടിക്കൽ, ആന്റോ തെരുവംകുന്നേൽ, തോമസ് മാത്യു മണ്ണനാനിക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.